നെടുമങ്ങാട് : ഉത്സവവുമായി ബന്ധപ്പെട്ട് കമാനം ഒരുക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമബംഗാൾ ജയ്പാൽഗുരി സ്വദേശിയും കാഞ്ഞിരംകുളത്തെ അനീറ്റ ഷാമിയാന വർക്സിൽ ജീവനക്കാരനുമായ ഖാത്തിബുൽ റഹ്മാൻ (42) ആണ് മരിച്ചത്.
പുലർച്ചെ രണ്ടുമണിയോടെ വെള്ളനാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അലങ്കാരപ്പണികൾ ചെയ്യുകയായിരുന്നു റഫീഖ് എന്ന ഖാത്തിബുൽ. ഇദ്ദേഹവും മറ്റു അഞ്ചുപേരും ചേർന്നാണ് ഇരുമ്പ് കമാനം വെള്ളനാട് വില്ലേജ് ഓഫീസിന് സമീപത്ത് ഉയർത്തിയത്. ഇതിനിടെ വൈദ്യുത ലൈനിൽ നിന്നും കമാനത്തിൽ വൈദ്യുതി പ്രസരിച്ചു.
ഖാത്തിബുൽ ഉൾപ്പെടെ അഞ്ചുപേർ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. ഒപ്പമുള്ളവർ ഖാത്തിബുലിന് സിപിആർ നൽകി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ഖാത്തിബുൽ കണ്ണു തുറന്നെങ്കിലും മരിക്കുകയായിരുന്നു. മുൻപ് ഇദ്ദേഹം ഹൃദയാഘാതത്തിന് ചികിത്സ തേടിയിട്ടുള്ളതായി സഹപ്രവർത്തകർ പറഞ്ഞതായി കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻറ് വി.ബി.അനിൽകുമാർ പറഞ്ഞു. മറ്റു ജീവനക്കാർ ചെരുപ്പ് ഉപയോഗിച്ചാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഖാത്തിബുൽ ചെരുപ്പ് ഉപയോഗിച്ചിരുന്നില്ല. വിവാഹിതനാണ്. രണ്ട് മക്കളുണ്ട് .